മറിയക്കുട്ടിയ്ക്കെതിരായ വ്യാജവാർത്ത: ദേശാഭിമാനി ബ്യൂറോ ചീഫിനെ സ്ഥലം മാറ്റും

ക്ഷേമപെൻഷൻ കിട്ടാത്തതിനെ തുടർന്ന് അടിമാലിയിൽ പിച്ചച്ചട്ടി സമരം നടത്തിയ മറിയക്കുട്ടി കോടീശ്വരിയാണെന്ന വ്യാജവാർത്ത കൊടുത്ത ദേശാഭിമാനി ബ്യൂറോ ചീഫ് കെ.ടി.രാജീവിനെ സ്ഥലം മാറ്റും. നടപടി ഒരാഴ്ചത്തെ സസ്പെൻഷനിൽ ഒതുക്കാനുള്ള റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരന്റെ തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി.

സ്ഥലം മാറ്റാനുളള പാർട്ടി നിർദേശം ചീഫ് എഡിറ്റർ ദിനേശൻ പുത്തലത്ത് ഇന്നലെ പരമേശ്വരനെ അറിയിച്ചു. വ്യാജ വാർത്ത ദേശാഭിമാനിയുടെ വിശ്വാസ്യത തകർത്തെന്നാണ് പാർട്ടി വിലയിരുത്തൽ.

ഇടുക്കി ജില്ലാ ബ്യൂറോയായ കട്ടപ്പനയിൽ കാൽ നൂറ്റാണ്ടിലേറെയായി ലേഖകനായ രാജീവിന്റെ ഭാഗത്ത് ഗുരുതര ജാഗ്രതക്കുറവുണ്ടായെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സെക്രട്ടറിയേറ്റ് യോഗത്തിൽ കുറ്റപ്പെടുത്തി.

ക്ഷേമപെൻഷൻ കിട്ടാത്തതിനെ തുടർന്ന് തെരുവിൽ ഭിക്ഷയാചിച്ച മറിയക്കുട്ടി തനിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചവർക്കെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. സി.പി.എം മുഖപത്രത്തിനും സാമൂഹ്യമാദ്ധ്യമങ്ങൾ വഴി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് പഞ്ചായത്ത് പ്രസിഡന്റടക്കം പത്തു പേർക്കെതിരെയുമാണ് അടിമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്. പാർട്ടി പത്രത്തിന്റെ അടിമാലി ഏരിയാ ലേഖകൻ, ചീഫ് എഡിറ്റർ, ന്യൂസ് എഡിറ്റർ, ജില്ലാ ലേഖകൻ എന്നിവർക്ക് എതിരെയും കൂടാതെ സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ചതിന് ജസ്റ്റിൻ കുളങ്ങര, എൻ. ബ്രിനേഷ്, അനസ് വാളറ, ഹാരിസ് കെ.എ, കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, ടി.കെ. മോഹനൻ തൊടുപുഴ എന്നിങ്ങനെ 10 പേർക്ക് എതിരെയാണ് അഡ്വ. പ്രതീഷ് പ്രഭ മുഖാന്തിരം കേസ് ഫയൽ ചെയ്തത്.