സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക്ക് നിര്‍ബന്ധം

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക്ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു . ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടത്തുന്നത് . മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി വ്യക്തമാക്കി .

അതേസമയം, വയനാട്ടില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വയനാട്ടില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പുറത്തിറങ്ങുന്നവരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കും . കടകളില്‍ സോപ്പോ സാനിറ്റൈസറോ വച്ചില്ലെങ്കില്‍ 1000 രൂപ പിഴ ചുമത്തും . ജില്ലയില്‍ മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു ഇടങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു . റേഷന്‍കടകള്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലെ ജോലിക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പോലീസിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു .