വർഷങ്ങൾക്ക് ശേഷം ഞാനൊരു തബലയിൽ തൊട്ടു, കരയാതിരിക്കാൻ വായിച്ച് തുടങ്ങിയെന്ന് മാത്തുക്കുട്ടി

തനിക്ക് ലഭിച്ച സർപ്രൈസിനെ പറ്റി മനസ്സ് തുറന്ന് അവതാരകനും സംവിധായകനുമായ ആർജെ മാത്തുക്കുട്ടി. തന്നെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ നൽകിയ സർപ്രൈസാണ് മാത്തുക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്. തബലയോടുള്ള പ്രണയവും സ്വന്തമായി ഒരു തബല വാങ്ങാൻ കഴിയാതിരുന്ന കുട്ടിക്കാലത്തെ കുറിച്ചുമുള്ള ഓർമ്മകളെ പറ്റിയും മാത്തുക്കുട്ടി കുറിക്കുന്നു.

മാത്തുക്കുട്ടിയുടെ കുറിപ്പ്
കുഞ്ഞെൽദോയുടെ റീ റെക്കോർഡിംഗ്‌ കഴിഞ്ഞതിന്റെ ആവേശത്തിലിരിക്കുമ്പോഴാണ്‌ ഷാൻ റഹ്മാനോട്‌ ഞാനാ കഥ പറയുന്നത്‌. പത്താം ക്ലാസ്സിലെ റിസൾട്ട്‌ വന്ന് നിൽക്കുന്ന സമയം. അതായത്‌, പാസ്‌ മാർക്കിനു മീതേക്ക്‌ അതിമോഹങ്ങൾ ഒന്നുമില്ലാതെ വിനയപൂർവ്വം ജീവിച്ച എനിക്ക്‌ വിദ്യാഭ്യാസ വകുപ്പ് 1st class ‌ എന്ന ഭൂട്ടാൻ ബംബർ സമ്മാനിച്ച കാലം(അന്നു മുതലാണ്‌ ഞാൻ അൽഭുതങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയത്.‌) വീട്ടുകാരുടെ ഞെട്ടൽ മാറും മുൻപ്‌ ഞാൻ അവസരം മുതലെടുത്ത്‌ പ്രഖ്യാപിച്ചു.എനിക്ക്‌ തബല പഠിക്കാൻ പോണം.
ചെവിയിൽ ചിറകടിയൊച്ച (കിളി പറന്ന സൗണ്ട്‌) കേട്ട പോലെ നിന്ന മമ്മിയുടെ കയ്യിൽ നിന്നും 21 രൂപയും വാങ്ങി ആദ്യം ഞാൻ അടക്കാമര ചോട്ടിലേക്കും,പിന്നെ വെറ്റില പറമ്പിലേക്കും, അവിടുന്ന് പാലായിക്കുന്നിലുള്ള ഗുരുവിന്റെ വീട്ടിലേക്കും എണീറ്റ്‌ നിന്ന് സൈക്കിൾ ചവിട്ടി.

മനോരമ ഞായറാഴ്ച പതിപ്പിൽ വന്ന സക്കീർ ഹുസൈന്റെ ഇന്റർവ്വ്യൂ എന്റെ ജീവിതം തന്നെ മാറ്റി മറിക്കും എന്ന് എനിക്ക്‌ തോന്നിയ ദിവസങ്ങളായിരുന്നു പിന്നെ. താളബോധമില്ലാതെ സൈക്കിൾ ബെല്ലടിച്ച കൂട്ടുകാരോട്‌ പോലും ഞാൻ പറഞ്ഞു അങ്ങനെയല്ല കുട്ടി. ഇങ്ങനെ.. താ ധിം ധിം താ. അപ്പോഴെക്കും +2 അഡ്മിഷൻ തുടങ്ങാറായിരുന്നു. നടുവിരലും മോതിര വിരലും ചേർത്ത്‌ പിടിച്ച്‌ “തിരകിട്തിരകിട്”‌ എന്ന് ഒഴുക്കിക്കൊണ്ടിരുന്ന എന്നെ നോക്കി ഗുരു പറഞ്ഞു.ഇനി പ്രാക്ടീസാണ്‌ മെയിൻ. തബല വാങ്ങണം. എന്റെ ഒരു ശിഷ്യന്റെ കയ്യിൽ പഴയതൊന്നുണ്ട്‌. 1000 രൂപ കൊടുത്താൽ നമുക്കത്‌ വാങ്ങാം. പത്താം ക്ലാസ്സ്‌ പാസായി കുടുംബത്തിന്റെ അഭിമാനം കാത്ത ഞാൻ വീട്ടിൽ അടുത്ത പ്രഖ്യാപനം നടത്തി.

തബല വാങ്ങണം. ഉത്തരം ലളിതവും വ്യക്തവുമായിരുന്നു പറ്റില്ല. വീട്ടിൽ അള്ളാ രേഖയും സക്കീർ ഹുസൈനും തമ്മിലുള്ള ഒരു ജുഗൽബന്ധി ഉയർന്നു. പല താളക്രമങ്ങളിലൂടെ അത്‌ വളർന്നു. ഒടുക്കം ഇനി വായിക്കാൻ മാത്രകളൊന്നുമില്ലാതെ എന്റെ വിരൽ വിറച്ചു. ആ തോൽ വിയുടെ കഥ പറയാനാണ്‌ ഞാൻ അവസാനമായി ആശാന്റെ അടുത്ത്‌ പോവുന്നത്‌. ഇന്ന് പ്രാക്ടീസ്‌ ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന്‌ ഞാൻ ഉത്തരം പറഞ്ഞില്ല. മൂടി തുറക്കാതെ വെച്ച തബലക്ക്‌ മുന്നിൽ നിന്നും എണീറ്റ്‌ നടന്നു. ഞാൻ ഇമൊഷണലായി കഥ പറഞ്ഞിരുക്കുമ്പോൾ ഷാൻ മൊബെയിലും നോക്കിയിരിക്കുവായിരുന്നു. അവനത്‌ കേൾക്കാൻ താൽപര്യമില്ലെങ്കിലും നമ്മൾ കഥ നിർത്തൂല്ലാലോ..! അതിനിടയിൽ പാട്ട്‌ പാടാൻ പോയ വിനീത്‌ ശ്രീനിവാസൻ സാർ തിരിച്ച്‌ വന്നു. അൽപം കഴിഞ്ഞ്‌ ആരോ വാതിലിൽ മുട്ടി. ഷാൻ എന്നേയും കൊണ്ട്‌ വാതിൽക്കലേക്ക്‌ ചെന്നു. താടി നരച്ചൊരു ചേട്ടനായിരുന്നു പുറത്ത്‌. അയാളുടെ കയ്യിൽ വലിയൊരു ബാഗുണ്ടായിരുന്നു. അതെനിക്ക്‌ തന്നിട്ട്‌ തുറക്കാൻ പറഞ്ഞു. ഞാൻ സിബ്ബിന്റെ ഒരു സൈഡ്‌ തുറന്ന് തുടങ്ങുമ്പോൾ ഷാൻ പറഞ്ഞു.കിട്ടാവുന്നതിൽ വെച്ചേറ്റവും നല്ല തബല തന്നെ വേണമെന്ന് ഞാനവർക്ക്‌ മെസ്സേജ്‌ അയച്ചിരുന്നു. കൊതിച്ചതിൽ കുറച്ചെങ്കിലും നമ്മളു സ്വന്തമാക്കണ്ടേ?” എന്റെ കണ്ണിനും കയ്യിലിരിക്കുന്ന ബാഗിനും കനം കൂടുന്ന പോലെ തോന്നി. ഞാൻ നിലത്തിരുന്നു. നീണ്ട 19 വർഷങ്ങൾക്ക്‌ ശേഷം ഞാനൊരു തബലയിൽ തൊട്ടു. കരയാതിരിക്കാൻ ഞാൻ വായിച്ച്‌ തുടങ്ങി.
ത ധിം ധിം ത. ത ധിം ധിം ത. Shaan Rahman Vineeth Sreenivasan