എം.സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രാജിവെച്ചു. പ്രതിഷേധങ്ങള്‍ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് എ.കെ.ജി സെന്ററില്‍ അവസാനിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.സി ജോസഫൈനോട് വിശദീകരണം തേടുകയായിരുന്നു. അവര്‍ പരമാര്‍ശം സംബന്ധിച്ചുള്ള വിശദീകരണം നല്‍കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ പത്രക്കുറിപ്പിറക്കിയതു സംബന്ധിച്ചും വിശദമാക്കിയിരുന്നു. തുടര്‍ന്ന് രാജിക്കായി ആവശ്യമുയരുകയായിരുന്നു.

എന്നാല്‍ ഏറ്റവും ഒടുവില്‍ അവര്‍ രാജിവെച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം പിന്നീടുണ്ടാകും. തീര്‍ച്ചയായും ഉചിതമായ തീരുമാനാമാണിതെന്നുതന്നെയാണ് പൊതുവായ വിലയിരുത്തല്‍. ഇനി എട്ടുമാസത്തെ കാലാവധി കൂടി ശേഷിക്കുമ്ബോഴാണ് ഒരു വിവാദ പരാമര്‍ശം എം.സി ജോസഫൈനെ അധ്യസ്ഥാനത്തുനിന്ന് പടിയിറക്കിയിരിക്കുന്നത്.

ജോസഫൈന്‍ തന്നെ രാജി സന്നദ്ധത അറിയിച്ചതാണോ എന്ന് വ്യക്താമയിട്ടില്ല. പരാതിക്കാരിയോട് എം സി ജോസഫൈന്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പാര്‍ട്ടിക്കകത്തും കടുത്ത അമര്‍ഷം ഉയര്‍ന്നിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്ററിന് മുന്നില്‍ കനത്ത പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ ഇന്നലെ തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. എ.കെജി സെന്ററിന് മുന്നില്‍ ഇന്നും പ്രതിഷേധക്കാരുണ്ടായിരുന്നു. എകെജി സെന്ററിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.