അമ്മയും കുഞ്ഞും മരിച്ച സംഭവം; സിസേറിയന്‍ ഒഴിവാക്കാന്‍ കഴിയില്ലായിരുന്നുവെന്ന് മെഡി. കോളജ് സൂപ്രണ്ട്

ആലപ്പുഴ: പ്രസവത്തിനുപിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ സിസേറിയന്‍ ഒഴിവാക്കാന്‍ ആകാത്ത സാഹചര്യം ആയിരുന്നെന്ന് മെഡി. കോളജ് സൂപ്രണ്ട്. ആശുപത്രിയുടെ അന്വേഷണറിപ്പോര്‍ട്ട് മറ്റന്നാള്‍ സമർപ്പിക്കും. പൊക്കിള്‍ക്കൊടി പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തരമായി ശസ്ത്രക്രിയ തീരുമാനിച്ചത്.

സിസേറിയന് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇരുപത് ശതമാനത്തില്‍ താഴെയായിരുന്നു. പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയിലായിരുന്നു അപര്‍ണയെന്നും ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജോയിന്റ് ഡിഎംഒയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. അതിന്റെ സിറ്റിങ് രാവിലെ 11 മണിക്ക് ആരംഭിച്ചു. അതിനുപുറമേ ആശുപത്രി ആഭ്യന്തര അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ട്. ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഷാരിജ, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാര്‍, സര്‍ജറി വിഭാഗം മേധാവി ഡോ. സജി കുമാര്‍ എന്നിവരടങ്ങിയ ‌ടീമാണ് അന്വേഷിക്കുന്നത്. റിപ്പോര്‍ട്ട് വരുമ്പോള്‍ മാത്രമേ ചികില്‍സാപ്പിഴവുണ്ടോ എന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.