‘സുരേഷ് ഗോപിയോടൊപ്പം’; പിന്തുണ അറിയിച്ച് മിമിക്രി ആർട്ടിസ്റ്റ്‌സ്‌ അസോസിയേഷൻ

മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയേറുന്നു. സുരേഷ് ഗോപിക്ക് പിന്തുണയുമായി മിമിക്രി അസോസിയേഷൻ രം​ഗത്തെത്തി. മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപിക്കൊപ്പമെന്ന് സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു. ടിനി ടോം, കലാഭവൻ ഷാജോൺ ഉൾപ്പടെയുള്ളവർ സുരേഷ് ഗോപിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ ഫേസ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട്.

സുരേഷ് ഗോപിയോടൊപ്പം എന്ന തലക്കെട്ടോടുകൂടിയ പോസ്റ്റർ ആണ് ഇരുവരും പങ്കു വച്ചിരിക്കുന്നത്. മതത്തിന്റെ പേരിലല്ല, രാഷ്ട്രീയത്തിന്റെ പേരിലല്ല, മനുഷ്യത്വം കൈമുതലായുള്ള വ്യക്തി എന്ന നിലയിൽ ഞങ്ങളുടെ എംഎഎ സംഘടന സുരേഷ്‌ഗോപിയോടൊപ്പം എന്നാണ് പോസ്റ്ററിലെ വാചകം. നാദിർഷാ, രമേശ് പിഷാരടി, കോട്ടയം നസീർ, ഗിന്നസ് പക്രു തുടങ്ങിയവരുടെ ഫോട്ടോയും പോസ്റ്ററിലുണ്ട്.

അതേ സമയം മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് ഇന്നലെ നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്.

കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു.