മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി ഫാത്തിമത്ത് ഷംനാസ് അലി സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനമായ മാലെയിൽ വച്ചായിരുന്നു അറസ്റ്റ്.

മന്ത്രിക്കൊപ്പം മറ്റുരണ്ടുപേരെയും അറസ്റ്റുചെയ്തിട്ടുണ്ടെന്നും മന്ത്രിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയുമാണെന്നുമാണ് വിവരം. അറസ്റ്റിലായ ഷംനാസ് ഒരു വയസിൽ താഴെയുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തുകയും മന്ത്രവാദത്തിന് ഉപയോഗിച്ചതായി കരുതുന്ന വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. ഷംനാസിനൊപ്പം അറസ്റ്റിലായ രണ്ടുപേർ അവരുടെ സഹോദങ്ങളാണെന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. മന്ത്രവാദം മാലിദ്വീപിൽ കുറ്റമല്ലെങ്കിലും ഇസ്ലാമിക നിയമപ്രകാരം ഇതിന് ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിക്കും. എങ്കിലും മാലിദ്വീപിൽ വ്യാപകമായി മന്ത്രവാദം നടക്കുന്നുണ്ട്.