മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടിയുടെ വലിപ്പം കുറച്ച് പ്രതിയെ രക്ഷിച്ച കേസിൽ, ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍

മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ ജട്ടിയുടെ വലിപ്പം കുറച്ച് പ്രതിയെ രക്ഷിച്ച കേസിൽ ഹൈക്കോടതി ഉത്തരവിന് എതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍. കേസിൽ വീണ്ടും അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് മന്ത്രി ആൻ്റണി രാജു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെന്ന കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അഭിഭാഷകൻ ആയിരുന്ന ആന്‍റണി രാജു, പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്ന കേസിലാണിത്.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആർ കോടതി റദ്ദാക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പൊലീസ് എഫ്ഐആർ റദ്ദാക്കിയ ഉത്തരവിലെ ഈ ഭാഗം അനുചിതമെന്ന് പറയുന്ന ഹർജിയിൽ ഇതിനെ തനിക്കെതിരെയുള്ള അന്വേഷണമായി മാധ്യമങ്ങൾ കാണുന്നതാണ് ആന്റണി രാജു വാദിക്കുന്നു. തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ലെന്നും അതിനാൽ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനിൽക്കില്ലെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആന്റണി രാജു പറഞ്ഞിരിക്കുകയാണ്.

നിരാപരാധിയായിട്ടും 33 വർഷങ്ങൾ ഈ കേസുമായി മുന്നോട്ട് പോകേണ്ടി വന്നു എന്നാണ് ആന്റണി രാജു ഹർജിയിൽ പറയുന്നത്. വീണ്ടും മാനസിക പീഡനമുണ്ടാക്കുന്നതാണ് ഉത്തരവിലെ ഭാഗം എന്നും അതിനാൽ പൂർണ്ണമായി നടപടികൾ അവസാനിപ്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിഭാഷകൻ ദീപക് പ്രകാശ് ആണ് ആന്‍റണി രാജുവിനു വേണ്ടി ഹർജി ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ മാർച്ചിൽ ഉത്തരവിടുന്നത്.