മന്ത്രി ആര്‍ബിന്ദു കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന് സന്ദീപ് വാര്യര്‍

തിരുവനന്തപുരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കോടതിയലക്ഷ്യ പ്രസ്താവന നടത്തിയെന്ന ആരോപിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. കെടിയു വൈസ് ചാന്‍സലറെ പുറത്താക്കിയ വിധി സംബന്ധിച്ച് മന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയാണ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരിക്കുന്നത്. സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം വിധിയിലൂടെ മനസ്സിലാക്കാനെന്നായിരുന്നു വിധി പറഞ്ഞ സുപ്രീംകോടതിയെ പോലും കുറ്റപ്പെടുത്തുന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന.

‘ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുന്നതിനായി കേന്ദ്രീകരണം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് നമ്മുടെ ബഹുസ്വരതയെ തകര്‍ക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നയത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഇതിനെതിരെ മാധ്യമ വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകളടക്കമാണ് സന്ദീപ് വാര്യര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രി ബിന്ദുവിന്‍റെ പ്രസ്താവന സുപ്രീം കോടതിയെ ഇകഴ്ത്തിക്കാണിക്കുന്നതും തികഞ്ഞ അനാദരവും അവഹേളനവുമാണ്. മന്ത്രിയുടെ കോടതി അലക്ഷ്യ പ്രസ്താവനക്കെതിരെ അഭിഭാഷകൻ അഡ്വ രഞ്ജിത്ത് മാരാർ മുഖേനയാണ് സന്ദീപ് വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലിന്‍റെ അനുമതിക്കായി നടപടി ആരംഭിച്ചുവെന്നും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

കെടിയു താൽക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്നാണ് ഗവർണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്.

എന്നാൽ ഈ രണ്ട് ശുപാർശകളും യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.