ശങ്കരാചാര്യരെ അധിക്ഷേപിച്ച് മന്ത്രി എം.ബി.രാജേഷ് ; പ്രതിഷേധം ശക്തം

വർക്കല: ശങ്കരാചാര്യരെ അധിക്ഷേപിച്ച് സംസാരിച്ച് സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. ശങ്കരാചാര്യർ കേരളത്തിന്റെ ആചാര്യനല്ല, ജാതിവ്യവസ്ഥയേയും വർണാശ്രമ വ്യവസ്ഥയേയും സംരക്ഷിച്ചയാളാണ്. ജാതിയുടേയും വർണാശ്രമത്തിന്റേയും ഏറ്റവും തീവ്ര വക്താവായിരുന്നു ശ്രീശങ്കരൻ. മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു.

ഇതിനെതിരെ ഹിന്ദു സമൂഹത്തിൽ നിന്ന് പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതേസമയം കാലടിയിൽ ശ്രീശങ്കരന്റെ പേരിലുള്ള സർവ്വകലാശാലയിലാണ് എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നത് എന്നതും മറ്റൊരു വിരോധാഭാസമാണ്. ഈ നിയമനം തന്നെ വിവാദത്തിലാണ്.

ശങ്കരമതം തന്നെയാണ് ശ്രീനാരായണഗുരു ആത്മോപദേശ ശതകത്തിലും മറ്റും വിശദീകരിക്കുന്നതെന്ന് ശിവഗിരി മഠം പ്രസിഡന്റായിരുന്ന നിജാനന്ദസ്വാമികൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അന്നത്തെ ബ്രാഹ്മണ നേതൃത്വത്തിൽ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്‌ക്ക് മറവ് ചെയ്യേണ്ടി വന്ന സന്യാസി വര്യനായിരുന്നു ശങ്കരാചാര്യ സ്വാമികളെന്നുമുള്ള വസ്തുതകളെല്ലാം മറന്നു കൊണ്ടായിരുന്നു എം.ബി.രാജേഷിന്റെ ക്രൂരമായ പരിഹാസം.

കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചിദാനന്ദപുരി സ്വാമികളുടേയും ശങ്കരാചാര്യരുടേയും ശ്രീനാരായണ ഗുരുദേവന്റേയും കൃതികളിലെ സാമ്യവും അദ്വൈത ചിന്തയും താരതമ്യം ചെയ്യുകയും ഒന്നു തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇടതുപക്ഷത്തെ നേതാക്കളെ ചൊടിപ്പിച്ചത്. തുടർന്നാണ് ശങ്കരാചാര്യർക്ക് ശേഷമുള്ള ആചാര്യൻ എന്ന് ഗുരുദേവനെ പറയുന്നുണ്ടെന്നും, എന്നാൽ ശ്രീശങ്കരൻ കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത്.