വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈത്തിൽ, പരിക്കേറ്റ ഇന്ത്യക്കാരെ സന്ദര്‍ശിച്ചു

ന്യൂഡൽഹി: ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാരെ കുവൈത്തിലെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദേശ കാര്യ സഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റിലെത്തിയത്.

പരിക്കേറ്റ ഇന്ത്യക്കാരുടെ ക്ഷേമം അറിയാന്‍ ഉടന്‍ തന്നെ അദ്ദേഹം ജാബര്‍ ആശുപത്രിയിലെത്തുകയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 പേരെ കാണുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ എല്ലാ സഹായവും അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. ഈ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നേരത്തെ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവരെ കാണുന്നതിനുമായാണ് മന്ത്രി കുവൈറ്റിലെത്തിയത് .

മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ കഴിയും എന്നാണ് വിവരം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കുവൈത്തിലേക്ക് തിരിക്കും മുമ്പ് മന്ത്രി പറഞ്ഞിരുന്നു. അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നിവർ പങ്കെടുത്തിരുന്നു.

തുടർന്നാണ് ദുരന്ത ബാധിതരായ ഇന്ത്യക്കാർക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ വിദേശകാര്യ സഹമന്ത്രിയെ കുവൈത്തിലേക്ക് അയച്ചത്. 24 മലയാളികളുൾപ്പെടെ 49 ഇന്ത്യക്കാരാണ് കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത്.