പ്ലസ് വൺ സീറ്റ് പ്രതിസന്ധി എസ്എഫ്ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് കടന്നിരിക്കുകയാണ്. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.