മന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ്

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായിരുന്നു. തുടർന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും മന്ത്രി ഉള്‍പ്പെടെ ഉള്ളവർ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് മന്ത്രിയും രോഗബാധിതനാണെന്ന് കണ്ടെത്തിയത്.

വനം, ആരോഗ്യം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളും കൊവിഡ് ഭീഷണിയില്‍ തന്നെയാണ്. സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യവും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും രോഗ ഭീതിയില്‍ തന്നെയാണ്. ഇതോടെ സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.