ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾ ഗവർണർ ഒപ്പുവെച്ചേക്കില്ല ; വിശദീകരണം നൽകാൻ മന്ത്രിമാർ നേരിട്ടെത്തും

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഗവർണർ ഒപ്പിടാത്ത ബില്ലുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ
മന്ത്രിമാർ വ്യാഴാഴ്ച രാജ്ഭവനിൽ നേരിട്ടെത്തും. അതേസമയം ലോകായുക്‌തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബിൽ, സർവകലാശാല നിയമ ഭേദഗതി ബിൽ എന്നിവയിൽ ഗവർണർ ഒപ്പുവെച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന സർക്കാരിന്റെ നീക്കം ഫലംകാണാൻ സാധ്യത കുറവാണ്.

ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തുന്ന ഗവർണർ, അത്താഴ വിരുന്നിനും ബില്ലുകൾ സംബന്ധിച്ച ചർച്ചകൾക്കുമായി നാല് മന്ത്രിമാരെയാണ് രാജ്ഭവനിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മന്ത്രിമാരായ വിഎൻ വാസവൻ, പി രാജീവ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നിവരാണ് ഗവർണറെ നേരിൽക്കണ്ട് ബില്ലുകൾ സംബന്ധിച്ച സർക്കാർ വിശദീകരണം നൽകുക.

ഗവർണർക്കെതിരെ തെരുവിലും കോടതിയിലുമായി സർക്കാർ യുദ്ധം നടത്തുമ്പോഴാണ് മന്ത്രിമാരും ഗവർണറും തമ്മിലുള്ള ചർച്ച. നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പുവെക്കാത്ത എട്ട് ബില്ലുകളിലാണ് ചർച്ച നടക്കുക. ഇതിൽ ലോകായുക്‌ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാനിടയില്ല. സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റുന്ന ബിൽ, കേരള സാങ്കേതിക സർവകലാശാല വിസി നിയമന സേർച്ച് കമ്മിറ്റിയിൽ സർക്കാരിന്റെ മേൽകൈ ഉറപ്പിക്കുന്ന ബിൽ എന്നിവ സംബന്ധിച്ച് മന്ത്രി ആർ ബിന്ദു ഗവർണറോട് വിശദീകരിക്കും.

ലോകായുക്‌തയുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന ബിൽ സംബന്ധിച്ചാവും പ്രധാനമായും നിയമമന്ത്രി പി രാജീവ് സംസാരിക്കുക. അതേസമയം, കെടിയു നിയമനത്തിൽ സർക്കാർ നൽകിയ പാനലിൽ നിന്നും വേഗത്തിൽ തീരുമാനം എടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടേക്കാം. എന്നാൽ, പാനൽ നൽകാൻ സർക്കാരിന് നിർദ്ദേശം നൽകിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ്
ഗവർണറുടെ നീക്കം.