ന്യൂനപക്ഷപ്രീണനം, സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനം, കോണ്‍ഗ്രസിന്‍റെ പ്രകടനപത്രികയ്ക്കെതിരെ പ്രധാനമന്ത്രി

ദില്ലി: സ്വാതന്ത്ര്യസമര കാലത്തെ മുസ്ലീംലീഗിന്‍റെ ആശയങ്ങള്‍ക്ക് സമാനമാണ് കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക. ന്യൂനപക്ഷ പ്രീണനമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമര കാലത്ത് ലീഗിൽ നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നത്. അവശേഷിക്കുന്ന ഭാഗം ഇടത് പക്ഷത്തിൻ്റെ നിലപാടുകളെന്നും മോദി പറഞ്ഞു. രാഷ്ട്ര നിർമ്മാണത്തിനുള്ള ഒരു നിർദ്ദേശവും കോൺഗ്രസിന് സ്വന്തമായി ഇല്ല. ഈ പ്രകടനപത്രികയുമായി രക്ഷപ്പെടാൻ കോൺഗ്രസിനാകില്ലെന്നും മോദി പറഞ്ഞു.

മുസ്ലീം ലീഗിന്‍റെ താൽപര്യങ്ങൾ അങ്ങനെയാണ് പത്രികയിൽ കടന്നു കൂടിയത്. വടക്കേ ഇന്ത്യയിലും, തെക്കേ ഇന്ത്യയിലും കോൺഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണെന്നും നരേന്ദ്ര മോദി ആരോപിച്ചു. കോൺഗ്രസടങ്ങുന്ന ഇന്ത്യ സഖ്യം സനാതന ധർമ്മത്തെ തകർക്കാനാണ് നോക്കുന്നതെന്നും നരേന്ദ്ര മോദി ആരോപിച്ചു.

പശ്ചിമബംഗാളില്‍ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷ വിമര്‍ശനം നടത്തി. ടിഎംസിക്ക് അവരുടെ അഴിമതിക്കാരായ നേതാക്കളുടെ അക്രമത്തിനെല്ലാം ലൈസൻസ് വേണം. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വരുമ്പോൾ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. ക്രമസമാധാനം ഉറപ്പാക്കുന്നതില് തൃണമൂൽ കോൺ​ഗ്രസ് പൂർണ പരാജയം എന്ന് മോദി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി വിമര്‍ശനം കടുപ്പിക്കുമ്പോള്‍ പ്രകടന പത്രികയില്‍ ബഹുജനാഭിപ്രായം തേടുകയാണ് രാഹുൽ ഗാന്ധി. സമൂഹമാധ്യമങ്ങളുിലൂടെയോ ഇമെയില്‍ വഴിയോ അഭിപ്രായം അറിയിക്കാനാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ന്യൂനപക്ഷ ക്ഷേമത്തിനായി കോണ്‍ഗ്രസ് മുന്‍പോട്ട് വയ്ക്കുന്ന പദ്ധതികളെ പ്രധാനമന്ത്രിയടക്കം വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ തനി നിറം പുറത്തായെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായമാകുന്നയിടങ്ങളിലടക്കം പ്രകടനപത്രിക സജീവ ചര്‍ച്ചയാക്കി നിര്‍ത്താനാണ് പൊതുജന പ്രതികരണം തേടിയുള്ള കോണ്‍ഗ്രസ് നീക്കം.