27കാരി നടി മിഷ്തി മുഖര്‍ജി മരിച്ച നിലയില്‍

നടിയെ മരിച്ച നിലയില്‍ കണ്ടെത്തി.ബംഗാളി നടിയായ മിഷ്തി മുഖര്‍ജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.27 വയസായിരുന്നു.സിനിമകളിലൂടെയും മ്യൂസിക്കല്‍ വീഡിയോകളിലൂടെയും ശ്രദ്ധേയായ താരം വൃക്കയുടെ പ്രവര്‍ത്തനം തകരാറില്‍ ആയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.മേം കൃഷ്ണ ഹൂം,ലൈഫ് കി തോ ലഗ് ഗയീ എന്ന് തുടങ്ങിയ ബോളിവുഡ് ചിത്രത്തിലും മിഷ്തി അഭിനയിച്ചിട്ടുണ്ട്.

നടി ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് വിവരം.’കീറ്റോ ഡയറ്റ് സ്വീകരിച്ചതിനെ തുടര്‍ന്ന് വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല’ എന്നായിരുന്നു മരണം സംബന്ധിച്ച് പുറത്ത് വിട്ട വാര്‍ത്താകുറിപ്പില്‍ കുടുംബം വ്യക്തമാക്കുന്നത്.

എളുപ്പത്തില്‍ തടികുറയ്ക്കുന്നതിന് അടുത്തിടെ ഏറെ പ്രചാരം നേടിയ ഭക്ഷണ രീതിയാണ് കീറ്റോജെനിക് ഡയറ്റ്.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതി എന്ന നിലയിലായിരുന്നു ഡയറ്റ് ശ്രദ്ധപിടിച്ച് പറ്റിയത്.കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയും കാര്‍ബോഹൈഡ്രേറ്റില്‍ (അന്നജം) നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചുമുള്ള ഭക്ഷണ ക്രമീകരണമാണ് കീറ്റോ ഡയറ്റ്.