ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി

കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇവര്‍ നീന്തി കയറുകയായിരുന്നു.കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച്‌ വിവരമില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കൊച്ചിയില്‍ നിന്നുപോയ ബോട്ട് മുങ്ങിയത്. ഒമ്ബത് തൊഴിലാളികളെ കാണാതായതായി മറ്റൊരു ബോട്ടിലെ തൊഴിലാളികളാണ് കൊച്ചിയിലുള്ള ഏജന്റ് ഹാഷിമിനെ വിവരമറിയിച്ചത്.

തമിഴ്‌നാട് സ്വദേശി മണിവേലിന്റെ ഉടമസ്ഥതയിലുള്ള ആണ്ടവന്‍ തുണൈ എന്ന ബോട്ടാണ് മുങ്ങിയത്. മറ്റ് ബോട്ടുകളിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും മഴയുമുള്ളതിനാല്‍ പരാജയപ്പെട്ടു. തമിഴ്‌നാട്ടില്‍നിന്നുള്ള മണിവേല്‍, മണികണ്ഠന്‍, ഇരുമ്ബന്‍, മുരുകന്‍, ദിനേശ്, ഇലഞ്ജയന്‍, പ്രവീണ്‍ എന്നിവരും രണ്ട് വടക്കേ ഇന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.

ഇതിനുപുറമെ കൊച്ചി, വൈപ്പിന്‍ മേഖലയില്‍നിന്ന് കടലിലേക്കുപോയ നൂറോളം ഗില്‍നെറ്റ് ബോട്ടുകളെക്കുറിച്ച്‌ വിവരമില്ല. ലക്ഷദ്വീപിനടുത്ത് മീന്‍പിടിക്കുന്നതായാണ് വിവരം. കാലാവസ്ഥ സംബന്ധിച്ച കാര്യങ്ങള്‍ ഇവരെ അറിയിക്കാന്‍ സംവിധാനമില്ല. കൊച്ചിയില്‍നിന്ന് പോയാല്‍ അരമണിക്കൂറിനകം മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടമാകും.