മിഷൻ അരിക്കൊമ്പൻ, ദൗത്യം പുരോഗമിക്കുന്നു, കാട് കയറിയ കുങ്കിയാനകൾ അരിക്കൊമ്പനെ കണ്ടെത്തി

ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. പുലർച്ചെ നാലേമുക്കാലോടു കൂടി ദൗത്യസംഘം കാടുകയറി. ഇതിന് മുന്നോടിയായി മോക്ക് ഡ്രില്ലും മറ്റ് ഒരുക്കങ്ങളും ചിന്നക്കനാലിൽ സംഘം പൂർത്തിയാക്കി. പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ നാലര മുതൽ നിരോധനനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മിഷൻ അരിക്കൊമ്പന്റെ ഭാഗമായി നൂറ്റമ്പതോളം ആളുകളാണ് കാടുകയറിയിരിക്കുന്നത്. പ്രദേശത്ത് നിലവിൽ കാലാവസ്ഥ അനുകൂലമാണ്.

മഴ പെയ്യാതിരിക്കുകയാണെങ്കിൽ ഏകദേശം പതിനൊന്ന് മണിയോട് കൂടി ദൗത്യം പൂർത്തിയാക്കാൻ സാധിച്ചേക്കുമെന്ന് കോട്ടയം ഡിഎഫ്ഒ എൻ രാജേഷ് അറിയിച്ചു. ദൗത്യത്തിൽ നാല് കുങ്കിയാനകളാണ് ഉള്ളത്. കുങ്കിയാനകൾ കാട് കയറി.

സിമന്റുപാലത്തിന് സമീപമാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. മേഖലിയിൽ വെച്ച് മയക്കുവെടി വെയ്‌ക്കാനാണ് തീരുമാനം. അതേസമയം ആനയെ പിടികൂടിയ ശേഷം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വനം വകുപ്പ് പുറത്ത് വിട്ടിട്ടില്ല. രഹസ്യമായാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.