ജോര്‍ജൂട്ടി പോവുന്ന റോഡ് ടാറിട്ടത് എല്‍ഡിഎഫെന്ന് എംഎല്‍എ, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമെന്ന് മറുപടി

പാലക്കാട്: മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2വിലെ രംഗം പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചരണത്തിന് ഉപയോഗിച്ച്‌ ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി. ഫേസ്ബുക്കിലൂടെയാണ് പ്രചരണം. ചിത്രത്തിലെ രംഗത്തിലെ ഡയലോഗ് ഉപയോഗിച്ചാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘മോഹന്‍ ലാലിന്റെ പുതിയ സിനിമയായ #Drishyam2 ലെ ഒരു രംഗം.
ആ റോഡ് എങ്ങോട്ട് പോവുന്നതാ ?
അത് ജോര്‍ജൂട്ടിയുടെ കേബിള്‍ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോര്‍ട്കട്ടാ സര്‍,
ആ റോഡ് താര്‍ ചെയ്യ്തിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.
പണ്ട് ആ സമയത്ത് ( 6 വര്‍ഷം മുന്നേ ദൃശ്യം 1ല്‍ ) ആ റോഡ് വളരെ മോശമായിരുന്നു’, നവകേരളംഎന്നാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എംഎല്‍എയുടെ പോസ്റ്റിന് കീഴെ വന്ന കമന്റും ശ്രദ്ധേയമായി. ഐപിഎസ് ഉദ്യോഗസ്ഥയുടെ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും പിടികൂടാനാവാത്ത, കുറ്റം തെളിയിക്കാനാകാത്ത ആഭ്യന്തരവകുപ്പ് വന്‍പരാജയമാണ് എന്നായിരുന്നു കമന്റ്. വിഷ്ണുരാജ് തുവായൂര്‍ എന്ന വ്യക്തിയുടേതാണ് ഈ കമന്റ്.