ബിജെപിയിൽ ചേർന്ന മകനോട് യോജിപ്പില്ലെന്ന് എംഎം ലോറൻസ്

മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസിൽ ഇന്ന് ബിജെപിയിൽ ചേർന്ന് അം​ഗത്വം സ്വീകരിച്ചിരുന്നു. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി അംഗത്വം സ്വീകരിക്കാൻ തീരുമാനിച്ചന്ന് എബ്രഹാം ലോറൻസ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞത്.

വാർത്ത പുറത്ത് വന്നതിന് പിന്നാലെ ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ് രം​ഗത്തെത്തി. ഇന്ന് ബിജെപിയിൽ ചേർന്ന മകൻ അഡ്വ. എബ്രഹാം ലോറൻസ് നിലവിൽ സിപിഎം അംഗമല്ലെന്നും സിപിഎമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചുവെന്ന മകൻ്റെ അഭിപ്രായത്തോടെ തനിക്ക് യോജിപ്പില്ലെന്നും എംഎം ലോറൻസ് വ്യക്തമാക്കി.

ബിനീഷ് കോടിയേരി വിഷയത്തിൽ പ്രതിഷേധിച്ചാണ് സിപിഎം വിട്ടതെന്നാണ് അഡ്വ. എബ്രഹാം ലോറൻസ് പറഞ്ഞത്. സിപിഎം പ്രഖ്യാപിത ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചുവെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അഡ്വ.എബ്രഹാം ലോറനസ് വ്യക്തമാക്കിയിരുന്നു. ബിജെപി യുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എബ്രഹാം ലോറൻസിന് പാർട്ടി അംഗത്വം ബിജെപി ദേശീയ അധ്യക്ഷൻ ഓൺലൈനിനായി നൽകുമെന്ന് എറണാകുളം ജില്ല നേതൃത്വം അറിയിച്ചു.