രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് മുഖ്യമന്ത്രിമാരുമായി നടന്ന യോഗത്തിലാണ് പുതിയ തീരുമാനം. രാജ്യത്ത് റെഡ് സോണുകളില്‍ ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും. യോഗത്തില്‍ നാല് സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടു. കേരളത്തെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഏഴ് സംസ്ഥാനങ്ങള്‍ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാലിത് രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. നിലവില്‍, പല സംസ്ഥാനങ്ങളിലും മേഖല തിരിച്ച്‌ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്നും ഇത് ആവര്‍ത്തിക്കരുതെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു

അടച്ചിടല്‍ ഘട്ടംഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചു. വാണിജ്യപ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം കോവിഡ് തീവ്രബാധിതമല്ലാത്ത മേഖലകളില്‍ കൂടുതല്‍ ഇളവ് നല്‍കിയേക്കും. വ്യത്യസ്ത മേഖലകള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

രാജ്യത്തെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച്‌ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായം പരിഗണനയിലാണെന്നും മോദി അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു. കേരളത്തെ പ്രതിനിധീകരിച്ച്‌ ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുത്തത്.