‘ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിനം, മധ്യകാല ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലിട്ടു; മോദി

മുത്തലാഖ് ബില്ലിനെ പിന്തുണച്ചവര്‍ക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇന്ന് സന്തോഷിക്കുന്ന ദിവസമാണെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എംപിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു.

മധ്യകാലഘട്ടത്തിലെ അനാചാരം ഇല്ലാതാക്കിയെന്നും മോദി വ്യക്തമാക്കി. ‘പുരാതനകാലത്തെ അനാചാരം അവസാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുന്നു. മുസ്ലിം സ്ത്രീകളോട് ചെയ്തിരുന്ന അനീതി ഇല്ലാതാക്കിയിരിക്കുകയാണ്. ഇത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണ്. ഇന്ത്യ ഇന്ന് സന്തോഷിക്കുന്നു’. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മുസ്‌ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. വനിതകള്‍ അര്‍ഹിച്ച മാന്യത സമൂഹത്തില്‍ നല്‍കാന്‍ മുത്തലാഖ് നിരോധന ബില്ലിലൂടെ സാധ്യമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ സുപ്രധാനമായ ദിനമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. മുത്തലാഖിനെ നിയമം മൂലം നിരോധിക്കാന്‍ പ്രയത്‌നിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയാണ്. ചരിത്രപരമായ ഈ ബില്ലിനെ പിന്തുണച്ച എല്ലാ പാര്‍ട്ടികള്‍ക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പ്രതികരിച്ചു.