കൊവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് മോദി

ന്യൂഡൽഹി: 130 കോടി ജനങ്ങളും പരിമിതമായ ആരോഗ്യ സംവിധാനങ്ങളുമുളള ഇന്ത്യയിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരി നിരവധി കാര്യങ്ങളെ ബാധിച്ചെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ ഒിക്കലും ബാധിച്ചിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമീപ മാസങ്ങളിൽ, വളരെയേറേ പരിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവ വ്യാപാരം എളുപ്പമാക്കുകയും കാര്യങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത് കുറയ്ക്കുകയും ചെയ്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) മൂന്നാമത് വാർഷിക നേതൃത്വ ഉച്ചകോടിയിൽ വിഡിയോ കോൺഫറൻസ് മുഖേന മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

രോഗമുക്തി നിരക്ക് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോൾ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു. ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികൾ ഇപ്പോൾ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങി. ഇന്ത്യ ഈ ഗുണങ്ങളെല്ലാമുളള രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിമിതമായ വിഭവങ്ങൾ മാത്രമുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ പി‌പി‌ഇ കിറ്റ് നിർമാതാക്കളാണ് ഇന്ത്യ. കോവിഡിനു പുറമെ വെള്ളപ്പൊക്കം, രണ്ടു ചുഴലിക്കാറ്റുകൾ, വെട്ടുക്കിളി ആക്രമണം എന്നിവയും രാജ്യത്തുണ്ടായി. ഇത് ആളുകളെ കൂടുതൽ ശക്തരാക്കി. കോവിഡിനും ലോക്ഡൗണിനുമിടയിലും കേന്ദ്രത്തിന് ഒരു കാര്യം വ്യക്തമായിരുന്നു– സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സംരക്ഷിക്കേണ്ടതുണ്ട്. മഹാമാരിയുടെ സമയത്ത് 800 ദശലക്ഷം ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യ ധാന്യം ഇന്ത്യ ഉറപ്പു വരുത്തി.

130 കോടി ജനങ്ങൾ ആത്മനിർഭർ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിർഭർ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവർത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു. പൊതു, സ്വകാര്യ മേഖലകളിൽ നിരവധി അവസരങ്ങളാണ് മുന്നിലുള്ളത്. അതുപോലെത്തത്തെ സുതാര്യമായ ഒരു നികുതി വ്യവസ്ഥയാണ്‌ ഇന്ത്യയിൽ ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.