ഭഗവാനെ കാണണം, മോദിജിയെ കാണണം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കണം, ഗുരുവായൂരിൽ തിരക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്ര നഗരി കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ (എസ്പിജി) നിയന്ത്രണത്തിലാണ് ക്ഷേത്രവും പരിസരവും. പ്രധാനമന്ത്രി എത്തുന്ന ഇന്ന് 65 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നത്. ഇതുവരെ 33 വിവാഹങ്ങൾ പൂർത്തിയായി.

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. രാവിലെ 8:45നാണ് വിവാഹച്ചടങ്ങ്. എട്ടുമണിയോടെ പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് വിവരം. തുടർന്ന് ക്ഷേത്ര ദർശനവും വഴിപാടുകളും നടത്തും.

സുരേഷ് ഗോപിയുടെ മകൾക്കു പുറമേ ഇന്ന് രാവിലെ വിവാഹം കഴിച്ച 20 നവദമ്പതികളെ പ്രധാനമന്ത്രി ആശീർവദിക്കുമെന്ന റിപ്പോർട്ടുണ്ട്. ഇവരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ചാകും പ്രധാനമന്ത്രി കാണുക. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി നൽകിവരുന്ന അക്ഷതവും പ്രധാനമന്ത്രി നവദമ്പതികൾക്ക് കൈമാറും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരും പങ്കെടുക്കും.