ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം നാളെ 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത. ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24-നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. ദേശീയ ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കമുള്ളവരുമായി സ്ഥിതി വിലയിരുത്താൻ വിശദമായ യോഗം പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യമാണ് മിക്കവാറും സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായതും. എന്നാൽ ചില ഇളവുകൾ നൽകി ജനജീവിതത്തെ സാരമായി ബാധിക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്ന കാര്യത്തിലാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍ തലത്തിൽ നിര്‍ണ്ണായക കൂടിയാലോചനകൾ നടക്കുന്നത്.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചപ്പോഴും അതിന് ശേഷം ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനും എല്ലാം രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി എന്ത് പ്രഖ്യാപനം എപ്പോൾ നടത്തുമെന്ന വലിയ ആകാംക്ഷയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിലവിലുണ്ടായിരുന്നത്. അത് വസാനിപ്പിച്ചാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്.