പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സൗദിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൌദിയിലെത്തും. ചൊവ്വാഴ്ച ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.

ഈ മാസം 29നാണ് സൌദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. 29 മുതല്‍ 31 വരെയാണ് സമ്മേളനം. 28ന് റിയാദിലെത്തുന്ന പ്രധാനമന്ത്രി 29ന് രാത്രി മടങ്ങും. 29ന് സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഒപ്പു വെക്കും.

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഔട്ട്‌ലെറ്റുകൾ സൗദിയിൽ തുടങ്ങാനുള്ള കരാറും ഒപ്പു വെക്കുമെന്നാണ് വിവരം. ‘റുപിയാ കാർഡിന്റെ’ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിസംബറില്‍ ഇന്ത്യ-സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലിൽ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനത്തിലാണ് ഒരു വിഭാഗം സൌദി സൈനികര്‍.