പ്രത്യേക മുറി ഉപയോഗിച്ചില്ല, രാത്രി കുടിച്ചത് ചൂടുവെള്ളം മാത്രം, ധ്യാനനിർഭരനായി മോദി

കന്യാകുമാരി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിനുള്ളിൽ മോദി ധ്യാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. കാവി വസ്ത്രം ധരിച്ചാണു ധ്യാനത്തിലിരിക്കുന്നത്. രാത്രി ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. ധ്യാനമണ്ഡപത്തിൽ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.

45 മണിക്കൂർ നീളുന്ന ധ്യാനമാണ് ആരംഭിച്ചത്. ഇന്നലെ വൈകീട്ട് കന്യാകുമാരി വിവേകാനന്ദ പാറയിൽ എത്തിയ മോദി ജൂണ്‍ ഒന്ന് വരെയാണ് ഇവിടെ ധ്യാനത്തിലിരിക്കുക. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിലാണ് പ്രധാനമന്ത്രിയുടെ ധ്യാനം. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് പ്രധാനമന്ത്രിയും ധ്യാനമിരിക്കുന്നത്.

ഇന്നലെ കന്യാകുമാരിയിൽ എത്തിയ മോദി ആദ്യം ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളുവരുടെ പൂർണകായ പ്രതിമയും സന്ദര്‍ശിച്ച ശേഷമായിരിക്കും അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുക. 2019ലും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി ധ്യാനമിരുന്നിരുന്നു. കേദാർനാഥിലെ രുദ്ര ഗുഹയിലായിരുന്നു 17 മണിക്കൂർ നീണ്ട ധ്യാനം.

വിവേകാനന്ദ പാറയിലും സമീപ പ്രദേശത്തും കനത്ത സുരക്ഷയാണ് മോദിയുടെ സന്ദർശനത്തെ തുടർന്ന് ഏർപ്പെടുത്തിയത്. ജില്ലാ മേധാവികളടക്കം രണ്ടായിരം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. മോദിയുടെ സന്ദർശന വേളയിൽ സമീപ പ്രദേശത്തു കൂടിയുള്ള കടൽ യാത്ര നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ബീച്ച് അടച്ചിടും.