വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു ബിച്ചു തിരുമല- മോഹൻലാൽ

ചലച്ചിത്രഗാന രചയിതാവ് ബിച്ചു തിരുമലയുടെ വേർപാടിന്റെ നൊമ്പരത്തിലാണ് സിനിമ ​ഗാന പ്രേമികൾ. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു(സംഗീത സംവിധായകൻ).

നിരവധിതാരങ്ങളാണ് അനുശോ,നവുമായെത്തുന്നത്. മോഹൻലാലിന്റെ ബിച്ചുവേട്ടൻ. സാധാരണക്കാരന്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിങ്ങനെ, തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിന്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി.

ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എന്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്‌നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ