മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി, തൊഴുകയ്യോടെ സ്വീകരിച്ച്‌ താരം

ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻലാലിന് അക്ഷതം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴുകയ്യോടെ പ്രധാനമന്ത്രിയിൽ നിന്നും മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങി. മോഹൻലാലിനൊപ്പം മറ്റ് താരങ്ങൾക്കും ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച്‌ വിവാഹം നടന്ന 10 വധുവരന്മാർക്കും പ്രധാനമന്ത്രി അക്ഷതം നൽകി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശീർവാദത്തോടെ വിവാഹജീവിതത്തിൽ പ്രവേശിച്ച് സുരേഷ് ഗോപിയുടെ പുത്രി ഭാഗ്യയും ശ്രേയസ് മോഹനും. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു. വധൂവരന്മാരെ അനുഗ്രഹിക്കുക മാത്രമല്ല, പ്രധാനമന്ത്രി ശ്രേയസിന് ഭാഗ്യയെ കൈപിടിച്ച് നൽകുകയും ചെയ്തു

നരേന്ദ്ര മോദിക്ക് പുറമേ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സംവിധായകരും നിർമാതാക്കളും എല്ലാം പങ്കെടുത്ത ചടങ്ങിലാണ് വിവാഹം നടന്നത്. ഗുരുവായൂർ അമ്പലനടയിലെ പന്തലിൽ നടന്ന വിവാഹത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങൾ പങ്കെടുത്തു

ക്ഷേത്രത്തിനടുത്തുള്ള കൺവെൻഷൻ സെന്ററിലാണ് വിപുലമായ വിവാഹച്ചടങ്ങുകൾ അരങ്ങേറിയത്. നിരവധി ചലച്ചിത്രതാരങ്ങൾ ഇവിടെ പങ്കെടുത്തു. വളരെ കുറച്ചു മാത്രം ആഭരണങ്ങളാണ് ഭാഗ്യാ സുരേഷ് ഗോപി അണിഞ്ഞിരുന്നത്. മാവേലിക്കര സ്വദേശിയായ വരൻ ശ്രേയസ് മോഹൻ ബിസിനസുകാരനാണ്

ഗുരുവായൂരിൽ അതേസമയം വിവാഹം കഴിഞ്ഞ മറ്റു നവദമ്പതിമാരെയും പ്രധാനമന്ത്രി അനുഗ്രഹിച്ച് അയോധ്യയിലെ അക്ഷതം കൈമാറുകയും ചെയ്തു. വിവാഹത്തിനെത്തിയ സൂപ്പർ താരങ്ങൾക്കും അദ്ദേഹം അക്ഷതം നൽകി. വധൂവരന്മാർക്ക് ആശിർവാദം തേടി സുരേഷ് ഗോപി ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

തിരുവനന്തപുരത്തുള്ള സുരേഷ് ഗോപിയുടെ വസതിയിൽ കഴിഞ്ഞ വർഷം നടന്ന അതീവ ലളിതമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇതിൽ വധൂവരന്മാരുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കുകൊണ്ടത്. ശേഷം സുരേഷ് ഗോപിയും ഭാര്യയും മകളും പ്രധാനമന്ത്രിയെ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നു