എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്; ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസിൽ നിറഞ്ഞുനിൽക്കും- മോഹൻലാൽ

മാമുക്കോയയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച്‌ നടൻ മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്നും ഒരുപാട് ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ആ നിഷ്‌കളങ്കമായ ചിരി ഒരിക്കലും മായാതെ മനസിൽ നിറഞ്ഞുനിൽക്കുമെന്നും മാമുക്കോയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയ്‌ക്കായിരുന്നു മാമുക്കോയയുടെ അന്ത്യം. ഒരു ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ ആദരാഞ്ജലികൾ…