ഷിബു ബേബി ജോണിനുള്ള കരുതലിനെ പറ്റി നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്: ആശംസയുമായി മോഹന്‍ലാല്‍

ചവറ : ചവറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണിന് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ആണ് മോഹന്‍ലാല്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘നന്ദി ലാല്‍’ എന്ന് കുറിച്ചു കൊണ്ടാണ് ഷിബു ബേബി ജോണ്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘വ്യവസായത്തിനും കൃഷിക്കും ഒരുപോലെ പ്രാധാന്യമുള്ള കൊല്ലം. തോട്ടണ്ടി വ്യവസായം, കരിമണല്‍, മത്സ്യബന്ധനം ഇവയ്ക്ക് പ്രാധാന്യമുള്ള ചവറ മണ്ഡലം ഈ മണ്ഡലത്തിന്റെ സ്വന്തമായിരുന്നു മണ്മറഞ്ഞ ബേബി ജോണ്‍ സര്‍.

അദ്ദേഹത്തിന്റെ മകന്‍ ഷിബു ബേബി ജോണ്‍ ഒരു രാഷ്ട്രീയക്കാരന്‍ എന്നതില്‍ ഉപരി എന്റെ അടുത്ത സുഹൃത്താണ്. അച്ഛനെ പോലെ തന്നെ പരിചയ സമ്ബന്നനായ രാഷ്ട്രീയക്കാരനായും കാര്യപ്രാപ്തിയുള്ള മന്ത്രിയായും ഷിബുവിനെ നമുക്കൊക്കെ അറിയാവുന്നതാണ്.

തന്റെ മണ്ഡലത്തോട് അദ്ദേഹത്തിനുള്ള കരുതലിനെ പറ്റിയും നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റ് എന്തുമുള്ളു ഷിബുവിന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

നാടിന്‍റെ വികസനത്തെ പറ്റി ഭാവിയെ പറ്റി ഒക്കെ ഒരുപാട് സ്വപ്നം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട ചങ്ങാതിയായ എന്റെ സഹോദര തുല്യനായ ഷിബുവിന്‌ എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു.’