മോഹന്‍ലാലിന്റെ കാര്‍ ക്ഷേത്ര പരിസരത്തേക്ക് കടത്തി വിട്ടു, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് എതിരെ നടപടിക്കൊരുങ്ങി ദേവസ്വം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ വടക്കേനടയിലൂടെ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ട സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങി ദേവസ്വം. ഗേറ്റ് തുറന്ന് ക്ഷേത്രപരിസരത്തേക്ക് നടന്റെ വാഹനം കടത്തി വിട്ട സെക്യൂരിറ്റി ജീവനക്കാരെ മാറ്റി നിര്‍ത്താന്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി.

ഗുരുവായൂരില്‍ വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഹന്‍ലാല്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. വടക്കേനടയില്‍ നാരായണാലയത്തിന് സമീപത്തെ ഗേറ്റ് തുറന്നാണ് നടന്റെ കാര്‍ ക്ഷേത്ര പരിസരത്തേക്ക് കടത്തിവിട്ടത്. സാധാരാണ വി.ഐ.പി വാഹനങ്ങള്‍ തെക്കേനട വഴിയാണ് കടത്തിവിടാറ്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് ക്ഷേത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നത്. ഷാജി, അജിത് എന്നിവര്‍ വിഷുക്കണി ദര്‍ശനത്തിന് നാലമ്പലത്തില്‍ പ്രവേശിച്ചതിനെതിരെയും നേരത്തേ അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.