മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്, ഐജി ലക്ഷ്മണിന്റെ സസ്പെൻഷൻ പുനഃപരിശോധിക്കും

തിരുവനന്തപുരം. മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ സസ്പെൻഷൻ ലഭിച്ച ഐജി ജി.ലക്ഷ്മണിനെതിരായ നടപടി പുനഃപരിശോധിക്കും. അതിനായി ചീഫ് സെക്രട്ടറി വി.വേണു അധ്യക്ഷനായി കമ്മിറ്റി രൂപികരിച്ചു. തദ്ദേശവകുപ്പ് അഡി.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുഭരണ അഡി.സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവരാണ് ചീഫ് സെക്രട്ടറി ധ്യക്ഷനാകുന്ന പുനഃപരിശോധനാ കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.

സാമ്പത്തിക തട്ടിപ്പു കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഐജി ജി.ലക്ഷ്മണിനെതിരെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ഐജിക്കെതിരെ ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡിജിപി ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് ലക്ഷ്മൺ.

പുരാവസ്തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ ലക്ഷ്മൺ നേരിട്ടു പങ്കാളിയായതോടെയാണ് കേസിൽ പ്രതിയായത്. യാക്കൂബ് പുറായിൽ, എം.ടി.ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, ഷാനിമോൻ എന്നിവര്‍ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.മോൻസന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് 2021 നവംബറിൽ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ മോൻസന് ഐജി വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തു. 2023 സെപ്റ്റംബറിൽ വീണ്ടും സസ്പെൻഡ് ചെയ്തു. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലക്ഷ്മൺ തെലങ്കാന സ്വദേശിയാണ്. നിലവിൽ പരിശീലനത്തിന്റെ ചുമതലയുള്ള ഐജിയാണ് അദ്ദേഹം.