സംസ്ഥാനത്ത് കാലവർഷം ഇന്നെത്തും; ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കാലവർഷം എത്തിച്ചേരും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിൻറെ ഫലമായി വരും ദിവവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ എറണാകുളത്തും തിരുവനന്തപുരത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. അതിശക്തമായ മഴയായിരുന്നു ഈ ജില്ലകളിൽ ലഭിച്ചത്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്ചവരെ യെല്ലോ അലേർട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇന്ന് തെക്കൻ കേരളം തീരം, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.