മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം, നിയമസഭയിൽ ചർച്ചയാകില്ല, പട്ടികയിൽ യു ഡി എഫ് നേതാക്കളും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയമില്ല. . മാസപ്പടി രേഖകളിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതാണ് കാരണം. ആദ്യം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനായിരുന്നു ആലോചനയെങ്കിലും ഒടുവിൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) എന്ന സ്വകാര്യ കമ്പനിയാണ് വീണയ്ക്ക് മാസപ്പടി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപയാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ.പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ പേരിലാണെന്നാണ് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് പറയുന്നത്.

കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടെയിൽ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരൻ കർത്തയുടെ വീട്ടിലും 2019 ജനുവരിയിൽ ഇൻകം ടാക്‌സ നടത്തിയ പരിശോധനയിലാണ് വിവാദത്തിന് ആസ്പദമായ ഡയറി കണ്ടെത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ എന്നിവരുടെ പേരുകളാണ് ഡയറിയിലുള്ളത്. ഇവർ കൈപ്പറ്റിയ തുക ഉൾപ്പെടെ ഡയറിയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുളള കമ്പനിക്ക് വൻ തുകയാണ് കെഎംആർസി കൈമാറിയത്. 2017 മുതൽ തുടർച്ചയായി മൂന്ന് വർഷം എക്‌സാലോജികിന് കെഎംആർസി തുക നൽകി. ബിസിനസ് സുഗമമാക്കാൻ വേണ്ടിയാണ് രാഷ്‌ട്രീയക്കാർക്ക് പണം നൽകിയതെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് സി എഫ് ഒ കെ എസ് സുരേഷ്‌കുമാർ മൊഴി നൽകിയതായി വിവരമുണ്ട്.