വിവാഹ മോചനത്തിന് ശേഷം ബന്ദുവിന്റെ ജീവിതം അവിവാഹിതനായ അഭിലാഷിനൊപ്പം, നെടുമങ്ങാട്ടെ മരണത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: നടുമങ്ങാട് ഫ്‌ലാറ്റിനുള്ളില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആനാട് സ്വദേശികളായ ബിന്ദു എന്ന 29കാരിയും അഭിലാഷ് എന്ന 38കാരനുമാണ് മരിച്ചത്. അതേസമയം സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ ബിന്ദു അഭിലാഷിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് വിവരം.

വിവാഹ മോചനം നേടിയതിന് ശേഷമാണ് ബിന്ദു അഭിലാഷിന് ഒപ്പം ഒരുമിച്ച് താമസം ആരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ബിന്ദുവിന് ആദ്യ വിവാഹത്തില്‍ ആറര വയസുള്ള ഒരു മകളുണ്ട്. ബിന്ദുവും അഭിലാഷും തീ കൊളുത്തി ജീവനൊടുക്കിയ സമയം മകള്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ആനാട് കാര്‍ഷിക വികസന ബാങ്കിനു എതിര്‍വശത്തായുള്ള ഫ്‌ലാറ്റിലാണ് ഇരുവരും ആത്മഹത്യ ചെയ്തത്. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചെങ്കിലും കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അമ്മയാണ് മണ്ണെണ്ണ ഒഴിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. രണ്ടര വര്‍ഷം മുമ്പാണ് ബിന്ദുവും അഭിലാഷും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.

ഒരുമിച്ച് താമസം ആരംഭിച്ച് ആറ് മാസത്തിന് ശേഷം അഭിലാഷ് വിദേശത്തേക്ക് പോയി. ബുധനാഴ്ച മടങ്ങിയെത്തി. സമീപമുണ്ടായിരുന്ന കശുവണ്ടി ഫാക്ടറിയില്‍ ബിന്ദുവും ജോലിക്കായി പോയിരുന്നു. പരസ്പര സംശയത്തെ തുടര്‍ന്ന് ഇരുവരും ഫോണിലൂടെ കലഹിക്കാറുണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. അഭിലാഷ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയതോടെ കലഹം രൂക്ഷമായി. ഒടുവില്‍ കിടപ്പുമുറിയില്‍ വെച്ച് ബിന്ദു അഭിലാഷിന്റെയും കുട്ടിയുടെയും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു.

ഇതിനിടെ കുട്ടി പുറത്തേക്ക് ഓടിയതിന് പിന്നാലെ ബിന്ദു തീ കൊളുത്തി. കുട്ടിയുടെ നിലവിളിയും തീയും കണ്ടതോടെ സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. നെടുമങ്ങാട് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. യുവാവിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും യുവതിയുടെ മൃതദേഹം മറ്റൊരു മുറിയിലുമായിരുന്നു. ഇരുവരും ബന്ധുക്കളുമായി സഹകരണത്തിലായിരുന്നില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു.