പ്രവീണിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോകണമെന്ന് ഗായത്രി വാശിപിടിച്ചു, ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് തര്‍ക്കത്തെ തുപടര്‍ന്ന്. സ്ഥലംമാറ്റം കിട്ടി തമിഴ്‌നാട്ടിലേക്ക് പോകുന്ന പ്രവീണിനൊപ്പം തന്നെയും കൊണ്ടുപോകണമെന്ന് ഗായത്രി വാശിപിടിച്ചതാണ് തര്‍ക്കത്തിനും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പ്രവീണ്‍ ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം ഗായത്രിയുടെ ഫോണുമായി പ്രവീണ്‍ കടന്നു കളഞ്ഞു. ഈ ഫോണില്‍ നിന്നും വിളിച്ചാണ് ഹോട്ടല്‍ ജീവനക്കാരെ ഗായത്രിയുടെ മരണ വിവരം അറിയിച്ചത്.

പ്രവീണിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലം പരവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു. ഗായത്രിയെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രവീണ്‍ പോലീസിനോട് സമ്മതിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷനില്‍ ഉള്ള ഹോട്ടലിലെ മുറിയില്‍ ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 107 ആം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചതായി ഹോട്ടല്‍ റിസപ്ഷനിലേക്ക് പന്ത്രണ്ടരയോടെ അജ്ഞാത കോള്‍ വരികയായിരുന്നു.

ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി മുറി തുറന്നു. കട്ടിലിലായിരുന്നു 24കാരിയായ ഗായത്രിയുടെ മൃതദേഹം. മല്‍പിടുത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും മുറിയില്‍ ഉണ്ടായിരുന്നില്ല. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. വിഷം ഉള്ളില്‍ചെന്നാണോ മരണമെന്നാണ് സംശയം. മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീരണക്കാവ് സ്വദേശിയായ ഗായത്രിയെ കാണാഞ്ഞില്ലെന്ന് ഇന്നലെ ബന്ധുക്കള്‍ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് വിവാഹിതനായ പ്രവീണും ഗായത്രിയും തമ്മില്‍ പ്രണയത്തിലാവുന്നത്. പ്രവീണിന്റെ ഭാര്യ ഇരുവരെയും പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഇരുവരും ബന്ധം തുടരുകയായിരുന്നു. പ്രവീണിന്റെ ഭാര്യ ഇവരുടെ ബന്ധം സംബന്ധിച്ച് പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രവീണ്‍ ജോലി ചെയ്യുന്ന ജുവലറിയില്‍ എത്തിയും ഭാര്യ ഈ വിവരം അറിയിച്ചു. ഗായത്രിയുടെ വീട്ടില്‍ എത്തിയും കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതിനിടെയാണ് പ്രവീണിനെ സ്ഥാപനത്തിന്റെ തമിഴ്‌നാട് ബ്രാഞ്ചിലേക്ക് മാറ്റി. ഇത് ഭാര്യ കാരണമാണെന്ന് പറഞ്ഞ് പ്രവീണ്‍ രണ്ട് മാസമായി വീട്ടില്‍ പോയിട്ടില്ല.

ഇന്നലെ ഉച്ചയ്ക്കാണ് കൊല്ലം സ്വദേശിയായ പ്രവീണിനൊപ്പം യുവതി ഹോട്ടലില്‍ മുറിയെടുത്തത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു യുവതി. വിഷം കഴിച്ച് മരിച്ചതാണോ അതോ കൊലപാതകമാണോയെന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജുവലറിയിലെ ജീവനക്കാരായിരുന്നു. എട്ട് മാസം മുമ്ബ് വരെ യുവതി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. പ്രവീണിന് കഴിഞ്ഞ ദിവസം ഷോറൂമില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞെന്നാണ് സൂചന. പള്ളിയില്‍ നിന്ന് താലികെട്ടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടിണ്ട്.