നടി മൃദുല മുരളി വിവാഹിതയായി

നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്. സിൽക്കിന്റെ സെറ്റുസാരിയാണ് മൃദുല ധരിച്ചത്. വളരെ കുറച്ച് ആഭരണങ്ങൾ മാത്രം അണിഞ്ഞ് സിംപിൾ ലുക്കിലാണ് മൃദുല എത്തിയത്. അലങ്കരങ്ങളൊന്നുമില്ലാത്ത മുടി വെറുതെ കെട്ടി വച്ച് പൂവ് വച്ചിരിക്കുകയായിരുന്നു.

അവതാരകയായി ശ്രദ്ധേയയായ മൃദുല നർത്തകി കൂടിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, രമ്യാ നമ്പീശൻ, ഫഫ്ന, സയനോര തുടങ്ങി വൻ താരനിര തന്നെ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന താരത്തിന്റെ സംഗീത് ചടങ്ങിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഡാർക്ക് പിങ്ക് നിറത്തിലെ ഓഫ്‌ഷോൾഡർ ലെഹങ്കയിൽ അതിസുന്ദരിയായാണ് മൃദുല തലേദിവസത്തെ ആഘോഷങ്ങൾക്കായി ഒരുങ്ങിയത്. ഇരുകൈകളിലും മെഹന്തി അണിഞ്ഞുള്ള ചിത്രങ്ങളാണ് ആ പുറത്തുവന്നത്.ഇതിനുപിന്നാലെ സുഹൃത്തുക്കൾക്കൊപ്പം പാട്ടും നൃത്തവുമായി സംഗീത് രാവ് ആഘോഷമാക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു