സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ

മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക.

ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കും- ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ച വീഡിയോ പുറത്ത് വന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നേതാവിനെതിരെ വ്യാപക വിമർശനമുയർന്നു.

മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെടുകയായിരുന്നു.