മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടി കടന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി കടന്നു.139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പില്‍ വര്‍ധനയുണ്ടായി. ജലനിരപ്പ് 2398.32 ആയി കൂടി. നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ് ഡാമില്‍ ഉള്ളത്.

മഴ ശക്തിയാര്‍ജിച്ചതോടെ ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398.32 അടിയിലേക്ക് എത്തിയിനെ തുടര്‍ന്നാണ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലര്‍ട്ട് ലെവല്‍ 2392.03 അടിയാണ്. 2398.03

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിലും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുള്ളത്. മധ്യ, തെക്കന്‍ കേരളത്തില്‍ മഴ കനക്കും. ചെന്നൈയില്‍ കരതൊട്ട തീവ്ര ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ച്‌ വീണ്ടും ശക്തിപ്പെടും. മഴ രണ്ടാഴ്ച തുടരുമെന്നും മുന്നറിയിപ്പുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തുകൂടി കരയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി 10 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച തീവ്ര ന്യൂനമര്‍ദം ഇന്നലെ രാത്രി 11.30ഓടെ ചെന്നൈ തീരത്തുനിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്ക്- തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ഇന്ന് രാവിലെ ശക്തി ക്ഷയിച്ചു ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.