വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണ്, പൊതുസമൂഹത്തോട് മാപ്പ് പറയണം, സത്യഭാമയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ

കലാമണ്ഡലം സത്യഭാമ RLV രാമകൃഷ്ണനെതിരെ നടത്തിയ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വർണ വിവേചനത്തിനെതിരെ പോരാടിയ നാടാണിത്. കലാമണ്ഡലം സത്യഭാമ പരാമർശം പിൻവലിച്ച് സമൂഹത്തിനോട് മാപ്പ് പറയണം.

കലാഭവൻ മണിയുടെ സഹോദരനനും കലാകാരനുമായ ആർ എൽ വി രാമകൃഷ്ണനെ പിന്തുണച്ച് നർത്തകി മേതിൽ ദേവിക. ‘ഒരുപാട് പ്രതിസന്ധികൾ നേരിട്ട് വന്നയാളാണ് രാമകൃഷ്ണൻ. ഇത്രയും മുതിർന്ന ഒരാൾ കുറച്ചുകൂടി കാര്യക്ഷമയോടെ പ്രതികരിക്കണം. സോഷ്യൽ മീഡിയ ഉള്ളതുകൊണ്ടാണ് ഇത് പുറത്തുവന്നത്. ഈ പരാമർശങ്ങൾ വെറുപ്പുളവാക്കുന്നതും പല തലങ്ങളിൽ വിവേചനവും അജ്ഞതയും വിളിച്ചുപറയുന്നതുമാണ്. ഇത് ഒരു വ്യക്തിക്ക് മാത്രമല്ല, ഒരു കൂട്ടായ്മയ്ക്ക് നേരെയുള്ള അധിക്ഷേപമായി കണക്കാക്കും, മേതിൽ ദേവിക ചൂണ്ടിക്കാട്ടി.

‘ആർഎൽവി രാമകൃഷ്ണനെപ്പോലുള്ള കലാകാരന്മാരുടെ അശ്രാന്ത പരിശ്രമവുമാണ് മോഹിനിയാട്ടം എന്ന കലാരൂപത്തെ ഭിന്നിപ്പിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചത്. വിവേചനം പ്രതിഭയെ ഞെരുക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൗന്ദര്യത്തെയും സമൃദ്ധിയെയും ഇത് കളങ്കപ്പെടുത്തുന്നു.

ഏത് തരത്തിലുള്ള മുൻവിധികൾക്കും എതിരെ നാം ഉറച്ചുനിൽക്കുകയും ലിംഗഭേദം, നിറം, ജാതി, ശരീരം, പ്രായം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും വിവേചനം ഭയക്കാതെ പൂർണ്ണമായി പങ്കെടുക്കാനും കലയിൽ സംഭാവന നൽകാനും കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കണം’. ദേവിക പറഞ്ഞു.