വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് മുല്ലപ്പള്ളി; ചെന്നിത്തലയുടേത് മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനം

നിയുക്ത പ്രതിപക്ഷ നേതാവായ വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തീരുമാനത്തെ കെപിസിസി സ്വാഗതം ചെയ്യുകയും വി ഡി സതീശന് വിജയാശംസകള്‍ നേരുകയും ചെയ്യുന്നു. നല്ല നിയമസഭാ സാമാജികന്‍ ആയ വി ഡി സതീശൻ നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കഠിനാധ്വാനിയായി പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപിടിക്കാന്‍ ശ്രമിച്ച രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കാഴ്ച വച്ചത് മാതൃകാപരമായ പ്രവര്‍ത്തനമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭയില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളില്‍ ഒരാളായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തും.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത കാര്യം ദേശീയ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും താരീഖ് അൻവരുമാണ് തന്നെയറിയിച്ചത്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് അറിയില്ല. അതേസമയം മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സതീശനെ അഭിനന്ദിച്ചു. ഗ്രൂപ്പിന് അതീതമായി സതീശന് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും സുധീരന്‍ ആശംസിച്ചു.