25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുനിസിപ്പല്‍ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽ

പത്തനംതിട്ട : തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. തിരുവല്ല നഗരസഭ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെ വിജിലന്‍സ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മാലിന്യ സംസ്‌കരണത്തിന് കരാറെടുത്ത ആളില്‍ നിന്ന് ഇരുവരും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് കൈപ്പറ്റി എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കല്‍ നിന്ന് കണ്ടെത്തി. ഈ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട വിവരം മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ അറിയിച്ചു.

ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ വിജിലൻസ് സംഘം ഈ നീക്കങ്ങൾ പൊളിക്കുകയും ഇരുവരെയും ആസൂത്രിതമായി പൂട്ടുകയുമായിരുന്നു.