മകനെ തെരഞ്ഞു വീട്ടിലെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു

ഇരിങ്ങാലക്കുട: മകനെ തെരഞ്ഞു വീട്ടിലെത്തിയ ഗുണ്ടകള്‍ അച്ഛനെ വെട്ടിക്കൊന്നു. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശി വിജയന്‍ (56) ആയിരുന്നു വെട്ടേറ്റ് മരിച്ചത്. മകനെ തെരഞ്ഞു വന്ന ഗുണ്ടകള്‍ പിതാവിനെ വെട്ടുകയായിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം മകനെ തേടി ഒരു കൂട്ടം ഗുണ്ടകള്‍ വീട്ടില്‍ വരികയും മകനെ ചോദിക്കുകയും ചെയ്തു. മകന്‍ വീട്ടിലില്ലെന്ന് വിജയന്‍ മറുപടി പറഞ്ഞപ്പോള്‍ ഗുണ്ടകള്‍ വീടിന്റെ അകത്തു കയറി നോക്കി.

മകന്‍ വീട്ടിലില്ലെന്ന് വിജയന്‍ ആവര്‍ത്തിച്ചു പറഞ്ഞുവെങ്കിലും കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന ഗുണ്ടകള്‍ വീട്ടിനുള്ളിലെ എല്ലായിടവും പരിശോധന നടത്തി. ഇതേ തുടര്‍ന്ന് വിജയന്‍ വന്നവരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇതിനിടയില്‍ വീട്ടില്‍ വന്നവര്‍ കയ്യിലിരുന്ന മാരകായുധം വെച്ചു വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടിയ ശേഷം സംഘം അപ്പോള്‍ തന്നെ അവിടെ നിന്നും മുങ്ങുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ വിജയനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് തന്നെ മരണം സംഭവിച്ചു. സംഭവത്തില്‍ അക്രമികള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ കേരളം വിട്ടു പോയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.