ഇവിഎം ഉപേക്ഷിക്കണമെന്ന് മസ്‌ക്, ടൂട്ടോറിയൽ ക്ലാസ് നൽകാം, ഇന്ത്യയിലേക്ക് വരൂവെന്ന് രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി : ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം നിർത്തലാക്കണമെന്ന് ടെസ്‌ല, സ്‌പേക്‌സ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇവ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. ഇവിഎം മെഷീനുകളുടെ സുരക്ഷയെച്ചൊല്ലി ലോകമെമ്പാടും ചർച്ചകൾ ഉയരുന്നതിനിടെയാണ് മസ്‌കിന്റെ സമൂഹമാദ്ധ്യമ പോസ്റ്ര് പുറത്തുവന്നിരിക്കുന്നത്.

‘ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഒഴിവാക്കണം. ചെറുതാണെങ്കിലും മനുഷ്യരോ എഐയോ മെഷീനുകൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്’- അടുത്തിടെ പ്യൂർട്ടോ റീക്കോയിലുണ്ടായ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മസ്‌ക് എക്‌സിൽ കുറിച്ചു.

അടിസ്ഥാന രഹിതമായ പ്രസ്താവനകളാണ് ഇലോൺ മസ്‌ക് നടത്തുന്നതെന്നും ഇത് ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വോട്ടിംഗ് യന്ത്രങ്ങളുടെ ശരിയായ പ്രവർത്തനം പഠിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരണമെന്നും മസ്‌കിനെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം എക്‌സിൽ കുറിച്ചു.

” ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ ഇവ നിർത്തലാക്കണമെന്നാണ് ഇലോൺ മസ്‌ക് പ്രസ്താവിക്കുന്നത്. എന്നാൽ ഇത് തീർത്തും തെറ്റായ പരാമർശമാണ്. അദ്ദേഹം എല്ലാ യന്ത്രങ്ങളെയും പൊതുവത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. സുരക്ഷിതമായ ഡിജിറ്റൽ ഹാർഡ് വെയേഴ്‌സ് ആർക്കും നിർമിക്കാൻ സാധിക്കില്ലെന്ന തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്. യുഎസിലെയും മറ്റ് സ്ഥലങ്ങളിലെയും വോട്ടിംഗ് യന്ത്രങ്ങളുടെ സംവിധാനങ്ങൾ ഒരുപക്ഷേ പെട്ടന്ന് ഹാക്ക് ചെയ്യാൻ സാധിക്കുന്നതായിരിക്കും. എന്നാൽ അതിനർത്ഥം എല്ലാ വോട്ടിംഗ് യന്ത്രങ്ങളും ഇത്തരത്തിൽ ഹാക്ക് ചെയ്യാൻ സാധിക്കുമെന്നതല്ല.

ഇന്റർനെറ്റ് കണക്റ്റ് ചെയ്ത വോട്ടിംഗ് യന്ത്രങ്ങളെയാണ് യുഎസും മറ്റ് പ്രദേശങ്ങളും ആശ്രയിക്കുന്നത്. എന്നാൽ ഇന്ത്യയിൽ പ്രത്യേക തരത്തിൽ രൂപകൽപ്പന ചെയ്ത വോട്ടിംഗ് യന്ത്രങ്ങളാണുള്ളത്. ഇവ സുരക്ഷിതവും മറ്റ് നെറ്റ്‌വർക്കുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നതുമാണ്. ബ്ലൂടൂത്ത്, വൈഫൈ, ഇന്റർനെറ്റ് തുടങ്ങിയ കണക്റ്റിവിറ്റികൾ ഇതിൽ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ സാധിക്കില്ല. ഇന്ത്യയിൽ നിർമിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ സന്തോഷത്തോടെ ഇലോൺ മസ്‌കിന് ഞങ്ങൾ ടൂട്ടോറിയൽ ക്ലാസ് നൽകാം.”- രാജീവ് ചന്ദ്ര ശേഖർ കുറിച്ചു.