വീട് പുറമ്പോക്ക് ഭൂമിയില്‍, 7 ദിവസത്തിനകം ഒഴിയണം അല്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും; എസ് രാജേന്ദ്രന് നോട്ടീസ്

മൂന്നാര്‍. വീട് പുറമ്പോക്ക് ഭൂമിയില്‍ ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന്റെ നോട്ടീസ്. മൂന്നാര്‍ ഇക്കാനാഗറിലെ വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പുറമ്പോക്ക് ഭൂമിയിലാണ് വീട് എന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. എസ് രാജേന്ദ്രന്‍ എംഎല്‍എ അയിരുന്നപ്പോഴും പിന്നീടും പുറമ്പോക്ക് ഭൂമിയിലാണ് താമസിക്കുന്നതെന്ന് ആരോപണം നിലനിന്നിരുന്നു.

ഇക്കാനഗറില്‍ എട്ട് സെന്റ് ഭൂമിയാണ് എസ് രാജേന്ദ്രന് ഉള്ളത്. ഇത് വ്യാജ പട്ടയമാണെന്ന് മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെ റവന്യൂ വകുപ്പ് വിഷയത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കുവാന്‍ നോട്ടീസ് നല്‍കി. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് വിശദീകരണം. മുമ്പ് ഇക്കാനഗറില്‍ താമസിക്കുന്ന മറ്റൊരു വ്യക്തി പട്ടയം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സീപിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഹൈക്കോടത കണ്ടെത്തി.

തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായിട്ടാണ് എസ് രാജേന്ദ്രനും നോട്ടീസ് നല്‍കിയത്. മറ്റുള്ളവരോട് മതിയായ രേഖകള്‍ ഹാജരാക്കുവനാണ് നിര്‍ദേശിച്ചതെങ്കില്‍ എസ് രാജേന്ദ്രനോട് വീട് ഒഴിയുവനാണ് നോട്ടീസ്. മുമ്പ് മുഖ്യമന്ത്രി നിയമസഭയില്‍ രാജേന്ദ്രനായി രംഗത്തെത്തിയിരുന്നു. പട്ടയ ഭൂമിയാണെന്ന് പറയുകയും ചെയ്തു. ഇതേ സ്ഥലത്തിന് മേലാണ് ഇപ്പോള്‍ നടപടി. സ്വമേധയ ഒഴിയാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നാണ് നോട്ടീസ്.