മുട്ടിൽ മരം മുറി കേസിൽ സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

മുട്ടിൽ മരം മുറി കേസിൽ സസ്‌പെന്റ് ചെയ്യപ്പെട്ട ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത് എന്നിവരെ തിരിച്ചെടുത്തു. ജീവനക്കാരെ സർവീസിൽ തിരിച്ചെടുക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്നാണ് നോർത്ത് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാറിന്റെ ഉത്തരവിൽ പറയുന്നത്. ചെക്ക് പോസ്റ്റിൽ വേണ്ടത്ര പരിശോധന നടത്താതെ ഈട്ടി മരം കൊണ്ടുവന്ന ലോറി കത്തിവിട്ടതിനാണ് ഇവരെ സസ്‌പെന്റ് ചെയ്തത്.

അതേസമയം, മുട്ടിൽ മരംമുറിക്കൽ കേസിലെ പൊലീസ് അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡെൈിവസ്പി വി.വി ബെന്നിയെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അന്വേഷണം വഴിമുട്ടിയത്. സ്ഥലംമാറ്റിയെങ്കിലും കേസിന്റെ അന്വേഷണ ചുമതല വി.വി ബെന്നിക്ക് തന്നെയാണ്. പിടികൂടിയ എട്ട് തടികളുടെ സാമ്പിൾ ശേഖരണം, വനംറവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ ബാക്കിനിൽക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം. പുതിയ ഡിവൈഎസ്പിക്ക് ഇതുവരെ അന്വേഷണ ചുമതല നൽകിയിട്ടുമില്ല. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയേക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്.

അതേസമയം കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരന്മാരുടെ റിമാൻഡ് കാലാവധി അറുപത് ദിവസം പിന്നിട്ടു. 10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനകം കുറ്റപുത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതീിനാൽ സെക്ഷൻ 167 പ്രകാരം പ്രതികൾ ജാമ്യത്തിനായി ബത്തേരി കോടതിയെ സമീപിച്ചേക്കും. മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹർജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.