പിഴ ‘വരുമാനം’ കുറഞ്ഞു, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് നോട്ടീസ് , വണ്ടികൾ പലതും കട്ടപ്പുറത്ത്, ഉള്ള വണ്ടികളിൽ പെട്രോൾ അടിക്കാൻ പണം അനുവദിക്കണമെന്ന് ഉദ്യോഗസ്ഥർ

റോഡിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴയും കുറഞ്ഞതിന്റെ പേരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. അതേസമയം വാഹന പരിശോധനയ്ക്കു വേണ്ട സൗകര്യങ്ങളൊരുക്കാത്തതാണ് കേസും പിഴത്തുകയും കുറയാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

ലക്ഷങ്ങള്‍ പിഴയായി വരുമാനം നല്‍കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ല. പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപ്പുറത്താണ്. ബാറ്ററി തകരാർ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കാരണം മിക്ക വണ്ടികളും ഓടുന്നില്ല.

ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കുന്നത്

പമ്പ് ഉടമകള്‍ ഇന്ധനം കടം നല്‍കില്ലെന്ന് കടുത്ത നിലപാട് എടുത്തതോടെയാണ് എറണാകുളത്ത് ഔദ്യോഗിക വാഹന പരിശോധന പൂര്‍ണമായും നിലച്ചത്. പല ആര്‍.ടി. ഓഫീസുകളിലും സമാന സ്ഥിതിയാണ്. ഉദ്യോഗസ്ഥരില്‍ ചിലര്‍ നടപടി ഭയന്ന് ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുംവഴി സ്വന്തം വാഹനത്തിലാണ് നിയമ ലംഘനങ്ങള്‍ക്ക് കേസെഴുതുന്നത്.