ബൈക്കിൽ നടുറോഡിൽ അഭ്യാസപ്രകടനം, ലൈസൻസ് റദ്ദാക്കി എംവിഡി

കൊല്ലം : നടുറോഡിൽ ബൈക്ക് അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ചടയമംഗലത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മടത്തറ സ്വദേശി അൽ അമീനെതിരെയാണ് ചടയമംഗലം മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. യുവാവിന്റെ ലൈസൻസ് റദ്ദാക്കി, വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കുകയും ചെയ്‌തു.

അമിതവേഗതയും, സൈലൻസറിൽ കൂടി തീയും പുകയും പുറത്തേക്ക് വരുന്ന വിധമായിരുന്നു വാഹനം ഓടിച്ചത്. ബൈക്ക് അഭ്യാസത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് മോട്ടോർ വാഹന വകുപ്പിന് കൈമാറിയത്. പിന്നാലെ നടപടിയെടുക്കാനുയായിരുന്നു.

അതേസമയം ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഓടിക്കാനാവില്ലെന്ന് ഹൈക്കോടതി. നിയമലംഘനമുണ്ടായാല്‍ പിഴ ഈടാക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. റോബിന്‍ ബസ്സിനും റോബിന്റെ പാത പിന്തുടര്‍ന്ന മറ്റു ബസ്സുകള്‍ക്കും പുതിയ ഉത്തരവ് തിരിച്ചടിയാവും.

കൊല്ലത്തുനിന്നും കോട്ടയത്തുനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ബസ്സുടമകളാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയീടാക്കിയതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന് പിഴയീടാക്കാമെന്നും ഉത്തരവില്‍ പറയുന്നു.