ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു

റഞ്ചി. മുഖ്യമന്ത്രി ഹേമന്ത് സോറന് അയോഗ്യതാ ഭീഷണി നിലനില്‍ക്കുന്ന ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു. മുഖ്യമന്ത്രിയുടെ വസിതിയില്‍ നിന്നും യാത്ര തിരിച്ച എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തില്‍ എത്തി. ഇവിടെ നിന്നും ഇവരെ ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലേക്ക് കൊണ്ടുപോകും.

എംഎല്‍എമാര്‍ക്കൊപ്പം മുഖ്യമന്ത്രി ഹേമന്ത് സോറനും ഉണ്ട്. ശനിയാഴ്ച എംഎല്‍എമാര്‍ മുഖ്യമന്ത്രിക്കൊപ്പം ബസുകളില്‍ റാഞ്ചിയില്‍ പോയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഛത്തീസ്ഗഡിലേക്കോ ബംഗാളിലേക്കോ പോകുവനാണ് നീക്കമെന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ലത്‌റാതു ഡാം സന്ദര്‍ശിച്ച് തിരിച്ചുവരുകയായിരുന്നു.

ഹേമന്ത് സോറനെ അയോഗ്യനാക്കുവാനുള്ള ഗവര്‍ണറുടെ ഉത്തരവ് ഏത് നിമിഷം വേണമെങ്കിലും വരാം. എംഎല്‍എമാരെ ബിജെപി പണം കൊടുത്ത് വിലക്കെടുക്കാതിരിക്കുവാനാണ് ഇപ്പോഴത്തെ നീക്കം. ഭരണപക്ഷത്തുള്ള ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നി പാര്‍ട്ടികളിലെ എംഎല്‍എമാരുമായി പാര്‍ട്ടികള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഏത് സാഹചര്യവും നേരിടുവാന്‍തയ്യാറാണെന്ന് ജെഎംഎം അറിയിച്ചു. 81 അംഗ നിയമസഭയില്‍ 30 അംഗങ്ങളാണ് ജെഎംഎമ്മിന് ഉള്ളത്. കോണ്‍ഗ്രസിന് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് അംഗബലം. സംസ്ഥാനത്ത് ബിജെപിക്ക് 26 അംഗങ്ങളാണ് ഉള്ളത്.